തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഇരിഞ്ഞാലക്കുട ബ്ലോക്കിലാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. .കാട്ടൂര്‍ വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് 11.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കഭാഗത്ത് കരുവന്നൂര്‍ പുഴയും, കിഴക്കുഭാഗത്ത് കാറളം പഞ്ചായത്തും തെക്കുഭാഗത്ത് പടിയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കനോലി കനാലുമാണ്. റോമന്‍കത്തോലിക്കാപള്ളി സൌജന്യമായി വിട്ടുകൊടുത്ത സ്ഥലത്താണ് പഞ്ചായത്തോഫീസ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി-പൊന്നാനി ജലപാതയായ കനോലികനാലിന്റെ കിഴക്കേ ഓരം ചേര്‍ന്നുകിടക്കുന്ന കാട്ടൂര്‍ ഗ്രാമം വളരെ പണ്ടുമുതല്‍ക്കേ അറിയപ്പെട്ടിരുന്ന ഒരു വ്യാപാരകേന്ദ്രമായിരുന്നു. പണ്ടുകാലം മുതല്‍തന്നെ ഗതാഗതസൌകര്യത്തില്‍ മുന്നിട്ടുനിന്നതിന്റെ ചരിത്രം കാട്ടൂരിനുണ്ട്. മലബാറിനേയും കൊച്ചിയേയും വേര്‍തിരിക്കുന്ന കാനോലികനാല്‍ കാട്ടൂരിന്റെ പടിഞ്ഞാറെ അതിരിലൂടെ കടന്നുപോകുന്നു. കേരളത്തിലെ പ്രധാന ജലഗതാഗതമാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു ഇത്.

മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്കും തിരിച്ചും ചരക്കുകളും യാത്രക്കാരും കടന്നുപോയിരുന്നത് ഈ വഴിക്കായിരുന്നു. തല്‍ഫലമായി വളര്‍ന്ന് വികസിച്ചതാണ് കാട്ടൂരിന്റെ പ്രധാന കേന്ദ്രമായ കാട്ടൂരങ്ങാടി. 1952-ല്‍ സാര്‍വത്രികവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിയ്ക്കപ്പെട്ട കാട്ടൂര്‍ പഞ്ചായത്തില്‍ കാട്ടൂര്‍, കാറളം, മനവലശ്ശേരിയുടെ ഒരു ഭാഗം എന്നിവ ഉള്‍കൊള്ളുന്ന വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ കാട്ടൂര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 25 ചതുരശ്രകിലോമീറ്റര്‍ ആയിരുന്നു. ഭരണസൌകര്യത്തിനുവേണ്ടി 1977-ല്‍ കാട്ടൂര്‍ പഞ്ചായത്ത് വിഭജിച്ച് മാനവലശ്ശേരിയുടെ ഒരു ഭാഗം ഉള്‍കൊള്ളുന്ന കാറളം പഞ്ചായത്തും, കാട്ടൂര്‍ വില്ലേജ് മാത്രം ഉള്‍ക്കൊള്ളുന്ന കാട്ടൂര്‍ പഞ്ചായത്തും നിലവില്‍ വന്നു. അതോടെ കാട്ടൂര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.70 ചതുരശ്രകിലോമീറ്ററായി ചുരുങ്ങി. പഴയ കൊച്ചിരാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന, പഞ്ചായത്തുകച്ചേരി അഥവാ പഞ്ചായത്തുകോടതികളായിരുന്നു ഈ ഗ്രാമത്തിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നത്. 1918-ലാണ് ആദ്യത്തെ പഞ്ചായത്തുകോടതി ഈ ഗ്രാമത്തില്‍ നിലവില്‍ വന്നത്. യശ:ശരീരനായ അബ്രഹാം പാനികുളം ആയിരുന്നു അന്നത്തെ പഞ്ചായത്ത് കോടതിയുടെ പ്രസിഡന്റ്. 1952-ല്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കാട്ടൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് ചെരുവില്‍ കൃഷ്ണന്‍ മാസ്റ്ററും, വൈസ് പ്രസിഡന്റ് വി.കെ.കൊച്ചക്കനുമായിരുന്നു. പത്തു വാര്‍ഡുകളായിരുന്നു അന്ന് പഞ്ചായത്തിലുണ്ടായിരുന്നത്. ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ ഗ്രാമത്തിന്റെ കിഴക്കന്‍മേഖല ഉയര്‍ന്ന ചെമ്മണ്‍ പ്രദേശമാണ്. സമുദ്രനിരപ്പില്‍ നിന്ന് 25 മീറ്റര്‍ ഉയരത്തിലാണ് ഈ ഭൂവിഭാഗം സ്ഥിതി ചെയ്യുന്നത്.